Saturday, February 1, 2014

കുട്ടി


തീരത്തെ മണലില്‍
കളിവീടു കെട്ടിയും
കണ്ണാരം പൊത്തിയു-
മൊപ്പം കളിച്ച
കൂട്ടുകാരൊക്കെ
പിരിഞ്ഞുപോയിട്ടും
മുതിര്‍ന്നു പോയിട്ടും
ഇന്നുമവിടെ
തനിച്ചിരിപ്പാണ്
വളരാന്‍ മറന്ന
ഒരു കുട്ടി.

തിരകളെണ്ണിയും
പാഴ്ചിപ്പി തേടിയും
നേരം വൈകിയതറിയാതെ
ഇരുണ്ട തീരത്തു
ബാക്കിയായവള്‍

ഒരിക്കലെന്നെയും
തിരക്കൈ നീട്ടി-
ത്തൊടില്ലേയെന്നൊരു
ജന്മം മുഴുവന്‍
കാത്തു നിന്നിട്ടും
എഴുതിയെഴുതി
വിരല്‍ നൊന്തിട്ടും
കടല്‍ വന്നൊന്നു
തൊടാതെ പോയവള്‍

തിരിച്ചു പോകേണ്ട
വഴിയും മറന്ന്
പാതിയിടിഞ്ഞ
മണ്‍വീടിനരികില്‍
മുഖം കുനിച്ച്,
മിഴി നനച്ച്‌,
ഇന്നുമാരെയോ
കാത്തിരിപ്പാണ്
വെറുതെ പാവം കുട്ടി.









2 comments:

  1. എല്ലാരും എപ്പോഴെങ്കിലും വളരാന്‍ മറന്നിട്ടുണ്ട്
    മനോഹരം!!

    ReplyDelete
  2. വളരാന്‍ മറന്നൊരു കുട്ടിയ്ക്ക്

    ReplyDelete