
ചില്ലുടയുന്നത്-
ഒരു ഞൊടിയുടെ കൈപ്പിഴ;
തെന്നിത്താഴേക്ക്-
ക്രൂരമൊരു പൊട്ടിച്ചിരി പോലെ-
ചിതറിത്തെറിച്ച്,
കൂട്ടിയിണക്കാനാവാതെ-
നുറുങ്ങിപ്പൊടിഞ്ഞ്,
പെറുക്കിക്കൂട്ടുമ്പോൾ-
വിരൽത്തുമ്പു മുറിച്ച്,
ഓർക്കാപ്പുറത്തെവിടുന്നോ -
കാലിൽ തറച്ച്........
പകച്ച നിമിഷങ്ങൾക്കൊടുവിൽ-
തിരിച്ചറിവുണരും.......
അറിയാതെയീവഴി വന്ന്-
മുറിവേൽക്കരുതാർക്കും,
കാണാത്ത കോണിൽ പോലും-
ശേഷിക്കരുതൊന്നും...........
സ്വരമിടറിയുള്ളിലിരു-
ന്നാരു പറയുന്നു...?
സ്വപ്നങ്ങൾ തകരുന്നതും-
ഇങ്ങനെയൊക്കെയെന്ന്..........???????