Saturday, February 1, 2014

നിയോഗം


പൂവല്ല,
പൂപ്പാടം വിരിയിക്കാൻ
കാത്തു വച്ച വിത്തുകളൊക്കെ,
കരടരിച്ചതിനൊപ്പ-
മെറിഞ്ഞു കളഞ്ഞതാണ്‌.

കുഴച്ചുമെതിച്ച്`,
മോഹവടിവിൽ,
ഉടലഴകിൽ,
വാർത്തുവച്ചതാണ്.

തുള്ളി പോലും ചോരില്ലെ-
ന്നുറപ്പാകും വരെ,
നരകം പോലൊരു ചൂളയിൽ,
പതം വരുത്തിയതാണ്‌.

ഉള്ളിലുള്ളതെന്തും
വേകിച്ചൊരുക്കാൻ
പൊള്ളിക്കൊണ്ടേയിരിക്കും
വീണുടയും വരെ.

ഒഴുക്കിലൊന്നു
മുങ്ങി നിവരുമ്പോൾ
ബാക്കിയാവുന്നില്ലൊന്നു-
മൊരു ഗന്ധം പോലും.

ഉള്ളിലേക്കുള്ള വഴികളൊക്കെ-
യടഞ്ഞു പോകുവോള-
മത്രമേൽ വെന്തു പോകയാൽ,
എറിഞ്ഞുടച്ചാലു-
മലിഞ്ഞു ചേരില്ല,
ഒന്നിനോടും,
ഒരിക്കലും.


കുട്ടി


തീരത്തെ മണലില്‍
കളിവീടു കെട്ടിയും
കണ്ണാരം പൊത്തിയു-
മൊപ്പം കളിച്ച
കൂട്ടുകാരൊക്കെ
പിരിഞ്ഞുപോയിട്ടും
മുതിര്‍ന്നു പോയിട്ടും
ഇന്നുമവിടെ
തനിച്ചിരിപ്പാണ്
വളരാന്‍ മറന്ന
ഒരു കുട്ടി.

തിരകളെണ്ണിയും
പാഴ്ചിപ്പി തേടിയും
നേരം വൈകിയതറിയാതെ
ഇരുണ്ട തീരത്തു
ബാക്കിയായവള്‍

ഒരിക്കലെന്നെയും
തിരക്കൈ നീട്ടി-
ത്തൊടില്ലേയെന്നൊരു
ജന്മം മുഴുവന്‍
കാത്തു നിന്നിട്ടും
എഴുതിയെഴുതി
വിരല്‍ നൊന്തിട്ടും
കടല്‍ വന്നൊന്നു
തൊടാതെ പോയവള്‍

തിരിച്ചു പോകേണ്ട
വഴിയും മറന്ന്
പാതിയിടിഞ്ഞ
മണ്‍വീടിനരികില്‍
മുഖം കുനിച്ച്,
മിഴി നനച്ച്‌,
ഇന്നുമാരെയോ
കാത്തിരിപ്പാണ്
വെറുതെ പാവം കുട്ടി.









മകളോട്




"മുറിച്ച മുറി"യെന്ന്-
എല്ലാവരും,
ഒരേ സ്വരത്തില്‍..

മകളേ,
കണ്ണുകളിടയുമ്പോള്‍-
ഞാന്‍ നീയെന്നോ
നീ ഞാനെന്നോ
ഭ്രമിച്ചോരമ്മ വേഷ-
മകംപുറം മറിയുന്നു !


ഇതെന്‍റെ കണ്ണ്;
നിഴല്‍ വീഴും മുന്‍പുള്ള-
വെയില്‍ത്തിളക്കം,


പൂവിരല്‍,
തേഞ്ഞുരഞ്ഞു
തഴമ്പാകും മുന്‍പത്തെ-
തളിരിതള്‍,


ചുവടുകള്‍,
പതര്‍ച്ചയില്‍ നിന്നുറപ്പിലേക്ക്
വഴിയേറെ നടന്നുഴലും മുന്പുള്ള
പിച്ച വയ്പ്പ്,


ഇതെന്‍റെ ചിരി,
അഴല്‍ നിറയും മുന്പുള്ള
നിലാ വെട്ടം,


കണ്ണുനീര്‍,
കരയാതെയുറയാന്‍
പഠിക്കും മുന്പുള്ള-
തെളിയുറവ്,




വളരുകയാണ് ഞാന്‍
കണ്മുന്നിലെന്‍
ജീവനേ നിന്നിലൂടെ...


നീ നീയെന്നും
ഞാന്‍ ഞാനെന്നും
വേര്‍തിരിയുമൊരു കാലം...


കണ്‍മണീ,
കാഴ്ചയില്‍ മാത്രം
അമ്മയെപ്പോലാവുക.



Tuesday, April 23, 2013

എത്രയെളുപ്പം



















ഒന്നാം പുറത്തു നിന്ന്
പതിനൊന്നാം പുറത്തേക്ക്,
പിന്നെയേതോ
കാണാപ്പുറത്തേക്ക്,
ഉറുമ്പിന്റെ മൌനജാഥ പോലെ-
യൊഴിഞ്ഞു പോകുന്നു
ചില "വാര്‍ത്തകള്‍" ''.

എരിവ് രുചിച്ചു
കുഴഞ്ഞു പോയ നാവ്
ഒച്ചയടക്കി-
യലസ മൌനത്തില്‍
ചുരുണ്ടു കൂടുന്നു.

ഉറുമ്പിറുക്കലിന്‍ നോവു-
മെന്റേതെങ്കി-
ലോര്‍ത്തു വയ്ക്കുന്നു,
ചീന്തിപ്പോയ ചിലരെ
എത്രയെളുപ്പം,
എത്ര വേഗം
മറന്നു പോകുന്നു !







image courtesy:google images

Monday, April 1, 2013

കടലൊഴിയാതെ...


















പൊള്ളയാം ശംഖിലൊരു-
കടലിരമ്പും പോലെ-
ഉടഞ്ഞൊരെന്‍ ഹൃത്തില്‍ നിന്‍-
പ്രണയക്കടല്‍ തുളുമ്പുന്നു...


Saturday, March 2, 2013

നിദ്ര

                                                                                                                                  
                                                                                                                                          










എത്ര നാളൊളിച്ചു വയ്ക്കു-
മുള്ളിലെ ചുഴികളെന്നു-
തിരകള്‍ കൈമാറുന്നു-
കടലിന്‍റെ ചോദ്യം.

ഒലിച്ചു പോകാന്‍
കാത്തിരിക്കുന്നെന്ന്-
തിരക്കയ്യില്‍-
മറു വാക്കയക്കുന്നു കര.

കഥയേതുമറിയാതെ-
തീരത്തെയിരുളില്‍
നാളെയെന്ന സ്വപ്നം
പുതച്ചുറങ്ങുന്നു രാവ്.




image courtesy: google images

Wednesday, February 13, 2013

വീണ്ടും























ഒടുവിലത്തേതെന്ന്-
എഴുതി നിറുത്തിയതാണ്‌;

എന്നിട്ടും,
കാതോർക്കുന്ന
ഓരോ വഴിയൊച്ചയിലും
പിടഞ്ഞോടിത്തുറന്നു നോക്കുന്നു-
ഒഴിഞ്ഞൊരെഴുത്തു പെട്ടി.

കാണാതെയെങ്ങാൻ
കുരുങ്ങിക്കിടപ്പുണ്ടോ
വിളിയൊച്ചയെന്ന്-
മാറാല തൂത്തു നീക്കുന്നു.

കാളുന്നൊരു വയറ്‌
കുപ്പക്കൂനയിൽ
വറ്റു തിരയും പോലെ-
വായിച്ചു വായിച്ച്-
പിഞ്ഞിപ്പോയ കത്തുകളിൽ
മുഖം പൂഴ്ത്തുന്നു;
എഴുതിയ വിരലെന്ന്,
സ്നേഹിച്ച ഹൃദയമെന്ന്,
വരികളിൽ ചുണ്ടു ചേർക്കുന്നു.

എനിക്കറിയാം,
എനിക്കു നോവുന്നെന്ന്-
നിനക്കു നോവുമ്പോഴെല്ലം
ഇങ്ങനെയാവും നീയും.
നീയില്ലെന്നു ഞാനും
ഞാനില്ലെന്നു നീയും
എന്നാണിനി വിശ്വസിക്കുക!

കടലിരമ്പമൂർന്നു പോയൊ-
രുടഞ്ഞ ശംഖു പോലെ-
ജീർണ്ണിച്ചൊരെഴുത്തുപെട്ടി
ഒഴിയാത്ത ശീലം പോലെ-
വീണ്ടും തുറന്നടയ്ക്കുന്നു....