Wednesday, September 24, 2014

സയാമീസ്



കൂടെപ്പിറന്നവൾ
ഒപ്പം വളർന്നവൾ
ഒറ്റയൊരുടലും
ഇരട്ട മനസ്സും.

അവൾ-കാറ്റ്,
ഞാൻ പ്രതിമ.

തീരുന്നേയില്ല തർക്കം
ഒറ്റയ്ക്കാവുമ്പോൾ
നീയല്ല ഞാനെന്ന്,
ഞാനാണ് നീയെന്നൊക്കെ.

ചില നേരങ്ങളിൽ
കണ്ണിൽ തുളുമ്പു-
മവളുടെ കണ്ണീർ.
ചുണ്ടുകളിൽ
ഊർന്നു വരു-
മവളുടെ പുഞ്ചിരി.

അരക്കുറഞ്ഞ
ചുണ്ടിൻ വിടവിൽ
പൊട്ടി വീഴും
പിറുപിറുപ്പുകൾ.

മുഖം കുനിക്കുമ്പോൾ
പാളി വരും
മുന വച്ച നോട്ടവും
ചോദ്യങ്ങളും.

കണ്ണടച്ചിരുളാക്കവേ
കണ്ടില്ലേ,കേട്ടില്ലേയെന്നു
ഉള്ളു കുലുക്കും
ഉണർത്തുവിളികൾ.

ജീവിതമെന്നു
പറഞ്ഞൊഴിയുമ്പോൾ
"ഇതോ ജീവിത"മെന്നു
കൈ മലർത്തൽ.

വയ്യ!

കൊല്ലാൻ നോക്കണ്ട;
ഒറ്റച്ചങ്കല്ലേ,
നീയും ചാകുമെന്നവൾ.

മിണ്ടരുത്,
അനങ്ങരുത്,
ചിരിയ്ക്കരുത്,
കരയരുത്,
ചിന്തകളോ
ഒട്ടുമരുത്.

കൊന്നാലും ചാകാത്തവളെ
കൊല്ലാതെ കൊല്ലുന്നൊ-
രൊറ്റമൂലി കൊണ്ട്
ഇനിയൊന്നനങ്ങാതെ
തളർത്തിക്കിടത്തണം.

എന്നിട്ടു വേണമെനിക്ക്

നല്ലൊരു പ്രതിമയാകാൻ.

Saturday, February 1, 2014

പ്രള(ണ)യശേഷം



മുന്നിലേയ്ക്കുള്ള വഴികള്‍
ഞൊടിയിടയില്‍
മാഞ്ഞുപോവുക;
ചേര്‍ത്തു പിടിച്ചൊരാള്‍
പൊടുന്നനെ
മറഞ്ഞു പോവുക;
പ്രള(ണ)യക്കെടുതിയെന്നൊക്കെ
പറഞ്ഞു വയ്ക്കാമതിനെ.

എന്തു വിളിക്കും-
ഇനിയില്ലെന്നറിഞ്ഞിട്ടും
ഇമ ചിമ്മാതെ,
അടരുകളുടെയാഴത്തില്‍
അടക്കപ്പെട്ടതെന്തോ
വീണ്ടു കിട്ടുമെന്ന
കാത്തിരിപ്പിനെ ?

നിന്നെ വീണ്ടുമെഴുതുമ്പോള്‍


കണ്ണും കാതുമില്ലാത്ത കുട്ടി
തൊട്ടുതൊട്ടറിയും പോ-
ലുള്ളം കയ്യിലെഴുതി-
പ്പഠിച്ചതാണ് നിന്നെ.

മറവിക്കാലത്തി-
നിരുള്‍ മൌനത്തിനിപ്പുറം
കണ്ടുകണ്ടു മിഴി കടഞ്ഞ്,
കേട്ടു കേട്ട് കാതടഞ്ഞ്,
വരകള്‍ മാഞ്ഞ കൈവെള്ളമേല്‍
നിന്നെത്തന്നെയെഴുതി നോക്കുന്നു.

അറിവെന്നെഴുതുമ്പോള്‍
മുറിവെന്നു തെറ്റുന്നു.

3 കവിതകള്‍


ഉടൽ

*******

ഊഴിമേലഴിച്ചിട്ടൊ-
രാഴിപോലിളകുന്നു
അറിയാനുണ്ടാഴങ്ങളെ-
ന്നടങ്ങുന്നില്ലലകൾ.


ഉപമ

*******

കണ്ണിലെ കരടേ
കാലിൽ തറഞ്ഞ മുള്ളേ
നിങ്ങളോളമില്ലാരുമീ
പ്രണയത്തെയൊന്നുപമിക്കാൻ.

ഉത്തരം

*******

ചോദ്യച്ചൂണ്ടയിലെ
ഇര കൊത്തിയ മൽസ്യം.

ശേഷിപ്പ്‌


തുമ്പികള്‍
പെയ്തിറങ്ങും സായാഹ്നം.

നിലംതൊടാചിറകടികള്‍ക്കു കീഴേ
കളിക്കൈയിലമര്‍ന്നു പോയ-
തൊന്നേയൊന്നു മാത്രം
താങ്ങിയിട്ടും താങ്ങിയിട്ടും
വീണുടഞ്ഞൊരാകാശത്തെ,
ആഴമില്ലാത്ത നീലയെ
ഓർത്തെടുക്കുന്നു.

എന്റെ കല്ലേ,എന്റെ കല്ലേയെന്ന്,                                                                                        
വിട്ടുപോകല്ലേ,വിട്ടുപോകല്ലേയെന്ന്
ഇനിയുള്ളതിതു മാത്രമെന്ന്
അള്ളിയള്ളിപ്പിടി-
ച്ചാഞ്ഞു കുതറുന്നു.

ചിറകിരിയുമൊച്ചയില്‍
ഒരു ഞൊടിയൊന്നു
വെയില്‍ തൂവിപ്പോകുന്നു,
കാറ്റ് തെന്നി വീഴുന്നു.

ഒടുവിലത്തേതിനു മുന്‍പത്തെ
ഒറ്റ നിമിഷം
പറയാതെന്തോക്കെയോ
ശേഷിപ്പിക്കുന്നു.

താണ്ടിയ ദൂരങ്ങളെയോ,
താങ്ങിയ ഭാരങ്ങളെയോ
രേഖപ്പെടുത്താത്ത ചിലത്
ഉറുമ്പുകള്‍ കൊണ്ടു പോകുന്നു.

ഹംപ്റ്റി ഡംപ്റ്റി



വീഴല്ലേ
ഉടഞ്ഞു പോകുമെന്നു
പറഞ്ഞു തന്നതാണ്.

ഓര്‍ത്തില്ല.

പെറുക്കിക്കൂട്ടാന്‍  വന്നില്ല,
കുതിരയോ
കാലാളോ; 
രാജാവും.

ചിതറിക്കിടന്നു.

വഴിവെയിലില്‍
കരിഞ്ഞു.