Saturday, March 2, 2013

നിദ്ര

                                                                                                                                  
                                                                                                                                          










എത്ര നാളൊളിച്ചു വയ്ക്കു-
മുള്ളിലെ ചുഴികളെന്നു-
തിരകള്‍ കൈമാറുന്നു-
കടലിന്‍റെ ചോദ്യം.

ഒലിച്ചു പോകാന്‍
കാത്തിരിക്കുന്നെന്ന്-
തിരക്കയ്യില്‍-
മറു വാക്കയക്കുന്നു കര.

കഥയേതുമറിയാതെ-
തീരത്തെയിരുളില്‍
നാളെയെന്ന സ്വപ്നം
പുതച്ചുറങ്ങുന്നു രാവ്.




image courtesy: google images

Wednesday, February 13, 2013

വീണ്ടും























ഒടുവിലത്തേതെന്ന്-
എഴുതി നിറുത്തിയതാണ്‌;

എന്നിട്ടും,
കാതോർക്കുന്ന
ഓരോ വഴിയൊച്ചയിലും
പിടഞ്ഞോടിത്തുറന്നു നോക്കുന്നു-
ഒഴിഞ്ഞൊരെഴുത്തു പെട്ടി.

കാണാതെയെങ്ങാൻ
കുരുങ്ങിക്കിടപ്പുണ്ടോ
വിളിയൊച്ചയെന്ന്-
മാറാല തൂത്തു നീക്കുന്നു.

കാളുന്നൊരു വയറ്‌
കുപ്പക്കൂനയിൽ
വറ്റു തിരയും പോലെ-
വായിച്ചു വായിച്ച്-
പിഞ്ഞിപ്പോയ കത്തുകളിൽ
മുഖം പൂഴ്ത്തുന്നു;
എഴുതിയ വിരലെന്ന്,
സ്നേഹിച്ച ഹൃദയമെന്ന്,
വരികളിൽ ചുണ്ടു ചേർക്കുന്നു.

എനിക്കറിയാം,
എനിക്കു നോവുന്നെന്ന്-
നിനക്കു നോവുമ്പോഴെല്ലം
ഇങ്ങനെയാവും നീയും.
നീയില്ലെന്നു ഞാനും
ഞാനില്ലെന്നു നീയും
എന്നാണിനി വിശ്വസിക്കുക!

കടലിരമ്പമൂർന്നു പോയൊ-
രുടഞ്ഞ ശംഖു പോലെ-
ജീർണ്ണിച്ചൊരെഴുത്തുപെട്ടി
ഒഴിയാത്ത ശീലം പോലെ-
വീണ്ടും തുറന്നടയ്ക്കുന്നു....





Friday, January 25, 2013

ചില്ലുടയുന്നത്‌......






ചില്ലുടയുന്നത്‌-
ഒരു ഞൊടിയുടെ കൈപ്പിഴ;
തെന്നിത്താഴേക്ക്‌-
ക്രൂരമൊരു പൊട്ടിച്ചിരി പോലെ-
ചിതറിത്തെറിച്ച്‌,
കൂട്ടിയിണക്കാനാവാതെ-
നുറുങ്ങിപ്പൊടിഞ്ഞ്‌,
പെറുക്കിക്കൂട്ടുമ്പോൾ-
വിരൽത്തുമ്പു മുറിച്ച്‌,
ഓർക്കാപ്പുറത്തെവിടുന്നോ -
കാലിൽ തറച്ച്‌........


പകച്ച നിമിഷങ്ങൾക്കൊടുവിൽ-
തിരിച്ചറിവുണരും.......


അറിയാതെയീവഴി വന്ന്‌-
മുറിവേൽക്കരുതാർക്കും,
കാണാത്ത കോണിൽ പോലും-
ശേഷിക്കരുതൊന്നും...........


സ്വരമിടറിയുള്ളിലിരു-
ന്നാരു പറയുന്നു...?
സ്വപ്നങ്ങൾ തകരുന്നതും-
ഇങ്ങനെയൊക്കെയെന്ന്‌..........???????

Saturday, December 29, 2012

മുത്തുച്ചിപ്പി പറഞ്ഞത്‌







എന്റെയുള്ളു പിളർന്ന്‌-

നീയെടുത്ത മുത്ത്‌,

നിന്നെ കൊതിപ്പിക്കുന്നത്‌;

അതുരുവായ കഥ-

നിനക്കറിയുമോ?




ഹൃദയത്തിന്റെ മൃദുലതയിൽ,

പുറത്തെടുക്കാനാവാതെ-

കടന്നു പറ്റിയ കരടിന്‌,

എത്ര മാത്രം നോവിക്കാമെന്ന്‌-

നിനക്കറിയുമോ?




എടുത്തു കൊള്ളുക;

അഴകിന്റെയുറയിട്ട-

എന്റെയാത്മ വ്യഥകളെ.........




നിന്റെ നെടുവീർപ്പിന്റെയർത്ഥം-

ഇപ്പോഴെനിക്കറിയാം.....

കാത്തിരിക്കുക....

നോവുറഞ്ഞൊരു മുത്താകും വരെ....

കണ്ണീരുണങ്ങിയൊരു ചിരിയുണരും വരെ......

Wednesday, December 12, 2012

അമ്മയാകാശം



രാവിന്റെ മടിയിലൊരു-
തിങ്കൾ‍ക്കിടാവ്‌;
പാൽ‍നുര പോലെ-
നറു നിലാവ്‌.....


എന്റെ മടിയിലുണ്ട്‌-
പുഞ്ചിരിയിൽ‍-
നിലാവൊഴുകുമൊരു-
പൂർ‍ണ്ണചന്ദ്രൻ‍...!
കളങ്കമില്ലാത്തൊ-
രെന്റെ സ്വന്തം
പൊന്നമ്പിളി......!

Saturday, November 10, 2012

പണ്ടു പണ്ടൊരു പുഴയുണ്ടായിരുന്നു



പണ്ടു പണ്ടിവിടെയൊരു
പുഴയുണ്ടായിരുന്നു;
ഉള്ളിലെയിരുള്‍ മേഘം
മിഴിയിറമ്പില്‍ പെയ്ത്‌,
കവിളിണകളിലൂടെ-
ചാലിട്ടൊഴുകിയ പുഴ…

നിലയല്ലാത്താഴത്തി-
ലാര്‍ത്തലച്ചൊഴുകി-
വെയില്‍ പോലൊരു വിരല്‍ വന്നു-
തുടച്ചൊപ്പും വരെ…..

ആരു പറയുമിപ്പോള്‍
പണ്ടെങ്ങാനിവിടെയൊരു-
പുഴയുണ്ടായിരുന്നെന്ന്‌….!!!!!

പക്ഷേ പറയൂ….
ആര്‍ക്കെങ്കിലുമറിയുമോ
പുഴ വരണ്ട വഴിയാകെ
ചെന്താമരപ്പൂവുകള്‍
നിറയെ പൂത്തതെങ്ങനെ…..?

Friday, March 11, 2011

വിരൽത്തുമ്പുകളിലെ മഴ...


ഉള്ളുരുകും ബാഷ്പ-
മുറഞ്ഞുരുവായ മേഘം;
കനത്തിരമ്പി,പ്പെയ്യാൻ വെമ്പി...


വിരൽത്തുമ്പുകളിലൂടെ,
കിളിവാതിൽപ്പുറത്തെ-
യതിരില്ലാ മാനത്താകെ-
പ്പെരുമഴയായ്‌പെയ്തു...


കണ്ടിട്ടില്ല,
അറിഞ്ഞിട്ടില്ല,
അകലെയെങ്ങോ കാണാമറയിൽ-
നനഞ്ഞു കാണും നീയും-
നിന്റെയാകാശപ്പങ്കിൽ-
പാറിവീണ തുള്ളികളാൽ...


അതുകൊണ്ടാവും,
മഴവില്ലുപോലെ-
യഴകാർന്നതെന്തോ-
മഴ തോരുമ്പോൾ
നിനക്കുമെനിക്കുമിടയിൽ
വിരിഞ്ഞു വരുന്നത്....!